
ഇറാനിലെ ഫൊർദോ ആണവകേന്ദ്രിനു നേരേ വീണ്ടും വ്യോമാക്രമണം. ഇറാൻ മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, അമേരിക്കയാണോ ഇസ്രയേലാണോ ആക്രമണം നടത്തിയതെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. ആക്രമണത്തിന്റെ തീവ്രത സംബന്ധിച്ചും റിപ്പോർട്ടിൽ പരാമർശമില്ല. ഞായറാഴ്ച പുലർച്ചെയാണ് ഫൊർദോ ഉൾപ്പെടെ ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചത്.
അതിനിടെ, ഇസ്രയേൽ ഇന്നു നടത്തിയ ആക്രമണത്തിൽ ടെഹ്റാനിലെ എവിൻ ജയിലിന്റെ കവാടം തകർന്നതായി ഇറാന്റെ ഔദ്യോഗിക ടെലിവിഷനെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. ഇസ്രയേലിനെതിരെ മിസൈലുകൾ വിക്ഷേപിച്ച വ്യോമ താവളങ്ങൾ ആക്രമിച്ചെന്ന് ഇസ്രയേൽ സൈന്യത്തിന്റെ വക്താവ് അറിയിച്ചു. പടിഞ്ഞാറൻ, കിഴക്കൻ, മധ്യ ഇറാനിലെ ആറു വ്യോമതാവളങ്ങളിലാണ് ഇസ്രയേൽ സൈന്യം വ്യോമാക്രമണം നടത്തിയതെന്ന വിവരമാണ് പുറത്തുവരുന്നത്. ഇന്ധനം നിറയ്ക്കുന്ന വിമാനവും എഫ്-14, എഫ്-5, എഎച്ച്-1 വിമാനങ്ങളും നശിപ്പിച്ചുവെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. മധ്യ ഇറാനിലുള്ള സർഫസ്-ടു-സർഫസ് മിസൈൽ സംഭരണ സൗകര്യങ്ങളും ഇസ്രയേൽ സൈന്യം ലക്ഷ്യമിട്ടു. 15ൽ അധികം യുദ്ധവിമാനങ്ങളാണ് പടിഞ്ഞാറൻ ഇറാനിലെ കെർമാൻഷാ പ്രദേശത്ത് ആക്രമണം നടത്തിയത്. നിരവധി സർഫസ്-ടു-സർഫസ് മിസൈൽ വിക്ഷേപണ, സംഭരണ സ്ഥലങ്ങൾ നിർവീര്യമാക്കി എന്നും സൈന്യം പ്രസ്താവനയിൽ പറഞ്ഞു.











